ഇറ്റലിയിലെ ഒരു കൊച്ചു ഗ്രാമത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണു ലോകമെമ്പാടുമുള്ളവരെ അദ്ഭുതപ്പെടുത്തിയത്! സാർഡിനിയയിലെ മലയോര ഗ്രാമമായ ബൊലോറ്റാനയിലെ ജനങ്ങളുടെ ദീർഘായുസിനെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം, പ്രത്യേകിച്ചു സ്ത്രീകളുടെ ആയുർദൈർഘ്യത്തെക്കുറിച്ച്. ബെലോറ്റാനയിലെ സ്ത്രീകൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള സ്ത്രീകളെക്കാൾ നൂറു വയസുവരെ ജീവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണു ഗവേഷകരുടെ കണ്ടെത്തൽ. ഭക്ഷണക്രമം, ശാരീരിക അധ്വാനം, ശക്തമായ കുടുംബബന്ധങ്ങൾ, ഊഷ്മളമായ സാമൂഹികബന്ധങ്ങൾ എന്നിവയായിരിക്കാം ദീർഘായുസിനു പിന്നിലെ രഹസ്യമെന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം.
ബൊലോറ്റാന ഇപ്പോൾ ലോകത്തിലെ ദീർഘായുസ് 'ഹോട്ട് സ്പോട്ട്' ആയി മാറുകയാണ്. ഇവിടെ, എഴുപതു പിന്നിടുന്ന സ്ത്രീകൾ നൂറു വയസുവരെ ജീവിക്കാനുള്ള സാധ്യത മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണെന്നു ഗവേഷകർ പറയുന്നു. ബൊലോറ്റാനയിൽ എഴുപതു വയസു തികയുന്ന സ്ത്രീകളിൽ ഏകദേശം 13.8 ശതമാനം വരെ നൂറു വയസുവരെ ജീവിക്കുമെന്നാണു കണക്കുകൾ നിരത്തി ഗവേഷകർ വ്യക്തമാക്കുന്നത്. ഇറ്റലിയിലെ മറ്റു ഭാഗങ്ങളിലുള്ള സ്ത്രീകളിൽ ഏകദേശം 3.5 ശതമാനവും അമേരിക്കയിലെ സ്ത്രീകളിൽ 3.6 ശതമാനവുമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ആയുർദൈർഘ്യമുള്ള പ്രദേശങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന 'ബ്ലൂ സോൺ' എന്ന പദവിയിലേക്ക് ബൊലോറ്റാനയും എത്തിയേക്കുമെന്നാണു ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്. എങ്കിലും മലയോരഗ്രാമത്തിന്റെ പ്രത്യേകതകൾ കൂടുതൽ അറിയാൻ തുടർ ഗവേഷണങ്ങൾ ആവശ്യമാണെന്നു ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.